മഞ്ഞുപൂക്കൾ കണ്ട് മനസ്സ് കുളിർന്നോരെൻ മുമ്പിൽ കാണ്മാറായി അഴകെഴും സുവർണ്ണ സൗഗന്ധിക പുഷ്പം ,അതിലെൻ മനം ,കാഴ്ചകണ്ട് കുളിർ കോരി സ്വയം ഒരു വണ്ടായി നുകർന്നതിൻ സൗന്ദര്യവും
കൂമ്പി വിടർന്നൊരു താമരതൻ ഭംഗിയെഴും പട്ടിതൾകൾ ഒട്ടാകെ ചേർന്ന് ഉല്ലസിച്ചാടുന്നു ഇതളുകൾ ഒന്നായി ചേർന്ന് കരാഞ്ജലി പോൽ ചേർന്നു അടഞ്ഞുള്ളോരത്ഭുതം കണ്ടു വണ്ടാമി ഞാനും
പൂവിൻ പട്ടിതൾ തുറന്ന് ആടി ഉലഞ്ഞു പിന്നെ എത്തി ഞാൻ സൗന്ദര്യം തല്ലും യക്ഷ ലോകത്തിൻ വാതിലിങ്കൽ സമാഗമവേള എൻ പ്രിയതമയുമായി ഇതുതന്നെഞാൻ തേടിയ വനപുഷ്പ രഹസ്യസാരം
പ്രിയതമ എന്നെ കെട്ടിപ്പുണർന്നു നർമ്മസല്ലാപങ്ങൾ മൊഴിഞ്ഞും ചിരിച്ചും ആനയിച്ചകത്തേയ്ക്ക് കൊണ്ടുപോയി പിന്നെ ഗീതവും നൃത്തവും വേണുനാദവും ഒഴുകുന്ന മധുവും ദേവസൗരഭം എന്നിൽ ചെലുത്തിയ സ്വർഗീയമാം അനുഭൂതിയിങ്കൽ
പലവിധ പലഹാരവും സദ്യയും നുകരാൻ സോമം എന്ന ആ മധുര പാനീയവും എന്നിൽ മത്ത് പിടിപ്പിയ്ക്കും അനുഭൂതി പകരവെ !വിശ്രമം,സല്ലാപം, ഒരുമിച്ച് ഉദ്യാനത്തിൽ പ്രിയതമയും പിന്നെ തോഴിമാരാലും ചുറ്റപ്പെട്ട ഞാൻ കനക സിംഹാസനം പോൽ വിലങ്ങുമീ ദേവ ഭൂമിയിങ്കൽ പുണ്യ ഫലമെന്നൊരു
സുഖാനുഭവം നുകർന്നു സംതൃപ്തിയും സന്തോഷവും ഏറ്റം അഭിമാനവും ഒക്കെ എന്നിലും അവളിലും മാറി മാറി ചെറുകിളികൾ ,പേടമാൻ എന്നിവ തൻ കുളിർ കടാക്ഷവും ലഭിച്ചതിമധുരമാം നിമിഷങ്ങൾ അമൂല്യമാം നിധി തേടിയ യാത്രയിൽ
അവസാനമെന്നോണം കാര്യ സിദ്ധി തൻ പൊൻ തൂവൽ ശിരസ്സിൽ കനകകിരീടമായി മുകുടം ചാർത്തിയ വേളയിൽ പിന്നെ പിരിഞ്ഞു പോകുന്ന വേളയിൽ ആനന്ദതിമിർപ്പിൻ പ്രിയതമയാം സുന്ദരി തൻ കരുണാകടാക്ഷവും യാത്രാ മംഗളമതും
ഏറ്റവും ഹർഷത്തോടെ ഏറ്റു സുഖിച്ചു തിരിച്ചവളെ സ്നേഹവും ഹർഷവും കൊണ്ടാനന്ദ സാഗരത്തിൽ മുങ്ങി കുളിച്ചു തിരിച്ചു വണ്ടായി മാറി ഞാൻ വിടർന്ന താമരയിതൾ തൻ ഉള്ളിലെ കന്ദരം പോൽ വിളങ്ങും പട്ടുമെത്തയിൽ
ഉല്ലസിച്ചണഞ്ഞു പിന്നെ താമരയിങ്കൽ കൊട്ടിയടഞ്ഞു മാൻമിഴികൾ തൻ പ്രേമ ചുംബനം ഏറ്റവും അവസാനം അതും ഏറ്റു ഞാൻ തിരിച്ചെത്തി വഴി തുടങ്ങിയ മാമല തൻ ചെരുവിൽ മഞ്ഞുറ്റി
നിൽക്കുമാ മഞ്ഞ് പൂക്കൾ തൻ ചാരത്തിങ്കൽ സസുഖം തിരിച്ചു താഴെ എൻ വീട്ടിൽ ചിത്ര ജാലകം കാണ്മാറായി. തിരിച്ചെത്തി ഞാൻ പ്രേമ സംഗമം ചെയ്തു കൃതാർത്ഥനായി കാട്ടു പൂവിൻ രഹസ്യമെന്തെന്ന് തേടിയ ഞാനവസാനം
ഈ പ്രേമ കവിത നിങ്ങൾക്കായി രചിച്ചുല്ലസിച്ച് യക്ഷിണി തൻ സുന്ദര ദാരുശില്പം സുവർണ്ണം ഈ മന താരിൽ ഉദിച്ചു എൻ പ്രിയയുടെ പ്രേമ കടാക്ഷം പൂവതിൻ ഭംഗിയേറും സൗരഭം
പറന്നെത്തും ഈ കാറ്റും കവിത ഒഴുകിയെത്തിമീ ദൃശ്യ വിസ്മയങ്ങളും മനസ്സിൽ കവിതയായി തുളുമ്പുന്നു പിന്നെ വിരഹം അത് മാത്രമവശേഷിച്ചു എന്നിൽ വീണ്ടും ആ ആനന്ദ വിസ്മയം അനുഭവിപ്പതെപ്പോൾ എന്നോർത്ത് മദാലസതയാൽ ഏകനായ് കുളിർ കോരി നിൽപ്പൂ.
No comments:
Post a Comment